പത്തൊമ്പതാം നൂറ്റാണ്ട് ; വിനയന്റെ തിരിച്ചു വരവ്
വിനയന്റെ ഗംഭീര തിരിച്ചുവരവ്.. ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ.. ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിൽസൺ തകർത്തു.. കയാധു ലോഹറിന്റെ കൈയ്യിൽ നങ്ങേലി ഭദ്രം.. ഇനിയുമുണ്ട് എടുത്തു പറയാൻ അനൂപ് മേനോന്റെ മഹാരാജാവ്, ചെമ്പൻ വിനോദിന്റെ കായംകുളം കൊച്ചുണ്ണി.. വിഷ്ണു വിനയ് യുടെ കണ്ണകുറുപ്.. പിന്നെ പൂനം ബജ്വ, ഇന്ദ്രൻസ്, സെന്തിൽ, മണികണ്ഠൻ, എല്ലാവരും തന്നെ അവരവരുടെ റോളുകൾ ഗംഭീരമാക്കി. തന്നെ നായകനാക്കി ഇങ്ങനെയൊരു ചരിത്ര സിനിമ എടുക്കാൻ വിനയനിൽ ഉണ്ടായിരുന്ന ആത്മവിശ്വാസത്തിനു ഒരു കുറവും തട്ടാത്ത രീതിയിൽ സിജു ആ വേഷം നന്നായിട്ട് അവതരിപ്പിച്ചു.
മലയാളത്തിനു വിനയൻ സമ്മാനിച്ച ഒരു ദൃശ്യവിസ്മയമാണ് ശെരിക്കും പത്തൊൻപതാം നൂറ്റാണ്ട്. പത്തൊൻപതാം നൂറ്റാണ്ട് എന്ന പേരിനോട് നീതി പുലർത്താൻ ഒരുപാട് സംഭവങ്ങളും സന്ദർഭങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് വിനയൻ ഒരുക്കിയ മലയാളത്തിലെ ബാഹുബലി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ. മലയാളത്തിൽ ഇതുവരെ വന്നിരിക്കുന്നതിൽ ഇതുപോലെയുള്ള പീരിയോടിക് അല്ലെങ്കിൽ ഹിസ്റ്ററിക് സിനിമകൾ വളരെ കുറവാണ്. മാമങ്കം, മരക്കാർ തുടങ്ങിയ ചിത്രങ്ങൾ ഇറങ്ങിയെങ്കിലും മലയാളികൾകൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത് അതുകൊണ്ടാവാം പിന്നീട് അത്തരം ഒരു സിനിമ ചെയ്യാൻ ധൈര്യം കുറഞ്ഞു വന്നത് അങ്ങനെയുള്ള സാഹചര്യത്തിൽ സിജു വിൽസനെ നായകനാക്കി പത്തൊൻപതാം നൂറ്റാണ്ട് ചെയ്യാൻ തീരുമാനിച്ച വിനയൻ എന്ന സംവിധായകന്റെ ധൈര്യം ചില്ലറയൊന്നുമല്ലെന്നു ചിത്രം കണ്ടവർക്ക് മനസിലാവും അതിനൊപ്പം കൂടെ നിന്ന നിർമ്മാതാവ് ഗോകുലം ഗോപാലനും പ്രശംസ അർഹിക്കുന്നു.
ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’ പറയുന്നത്. അധികം കേട്ടറിവില്ലാത്ത നവോത്ഥാന നായകൻ. കഥകളി യോഗം, ഈഴവ ശിവൻ, മൂക്കുത്തി സമരം, മാറുമറക്കൽ സമരം, അച്ചിപുടവ സമരം തുടങ്ങി പത്തൊൻപതാം നൂറ്റാണ്ടിലെ നവോഥാന സമരങ്ങളിൽ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സ്ഥാനം വളരെ വലുതാണ്. അക്കാലത്തു നടന്ന ജാതിവെറിയുടേയും മാറു മറയ്ക്കാൻ അനുവാദം കിട്ടിയിട്ടും അത് അംഗീകരിക്കാൻ മനസ്സിലാത്ത മേൽജാതിക്കാരുടെ പരാക്രമവുമൊക്കെ വിനയന്റെതായ ഭാഷയിൽ ചിത്രത്തിൽ തുറന്നു കാട്ടുന്നു. ഇങ്ങനെയൊരു വിഷയം ഒട്ടും വലിച്ചു നീട്ടാതെ തന്നെ അവതരിപ്പിക്കാൻ വിനയന് സാധിച്ചു. പഴയകാലത്തെ ഓർമിപ്പിക്കുവിധം ചിത്രത്തിന്റെ കളർടോൺ വസ്തുക്കൾ, സംഭാഷണം, വസ്ത്രധാരണം എന്നിവയെല്ലാം സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് വളരെ മനോഹരമായി പകർത്തിയതിൽ ക്യാമറാമാൻ ഷാജി കുമാർ വഹിച്ച പങ്ക് ചെറുതൊന്നുമല്ലെന്നു ചിത്രം കണ്ടാൽ വ്യക്തമാവും. വിവേക് ഹർഷന്‍റെ എഡിറ്റിങ്ങും സന്തോഷ് നാരായണന്‍റെ ബി.ജി.എമ്മും കൂടി ചേർന്നപ്പോൾ 'പത്തൊമ്പത്താം നൂറ്റാണ്ട്' ശെരിക്കും ഒരു ദൃശ്യ വിസ്മയമായി.
പിന്നീട് പറയേണ്ടത് ചിത്രത്തിലെ പാട്ടുകളെ കുറിച്ചാണ്. വിനയന്റെ മുൻകാല ചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ ഇതിലെ ഗാനങ്ങൾക്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിച്ചോ എന്നത് സംശയമാണ്.. എം ജയചന്ദ്രന്റെ സംഗീതം മോശമാണെന്നല്ല. എന്നിരുന്നാലും ഒന്നുറപ്പാണ് ഗാനങ്ങളുടെ വിഷ്വൽസ്.. ഗംഭീരം, അതിമനോഹരം അത് ദൃശ്യവൽക്കരിക്കുന്നതിൽ വിനയൻ എന്ന സംവിധായകൻ 100 ശതമാനം നീതി പുലർത്തി എന്ന് തന്നെ പറയാം. അടിമുടി വിനയൻ ടച്ചുള്ള ചരിത്ര സിനിമ എന്ന് ‘പത്തൊൻപതാം നൂറ്റാണ്ടി’നെ ചുരുക്കാം. അത്തരം സിനിമകൾ ഇഷ്ടപെടുന്ന ആസ്വാദകർക്ക് പുതിയൊരു അനുഭവം തന്നെയായിരിക്കും ഈ സിനിമ.
Pramod
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ