നിഥിനാ മോളുടെ ജീവനെടുത്തത് ആ ഒരൊറ്റ സെൽഫി.....


നിഥിനാ മോളുടെ ജീവനെടുത്തത്
ആ ഒരൊറ്റ സെൽഫി.....

ഡി വൈ എസ്പി . ഷാജു ജോസ്

റിപ്പോർട്ട്‌ സുനിൽ - 9446 579399

പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനി നിഥിനാമോള്‍ കൊല്ലപ്പെടുന്നതിന് പ്രധാന കാരണമായത് ഒരേയൊരു സെല്‍ഫിയാണെന്ന് കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ വെളിപ്പെടുത്തല്‍. 

പത്തുമുതല്‍ ഇരുപതുവയസ്സുവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി നടത്തിയ "നമ്മുടെ പൊന്നോമനകള്‍ " ബോധവല്‍ക്കരണ ക്ലാസിലാണ് നിര്‍ണ്ണായകമായ ഈ വിവരം ഡി.വൈ.എസ്.പി. വിശദീകരിച്ചത്. 

സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിഥിനാമോളെ  സഹപാഠിയും കാമുകനുമായിരുന്ന അഭിഷേക് ബൈജു നാലുമാസം മുമ്പാണ് കോളേജ് ക്യാമ്പസില്‍ വച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയത്.


''ഫോണില്‍ ചിത്രങ്ങളും മെസേജുകളുമൊക്കെ അയയ്ക്കുമ്പോള്‍ നമ്മളൊരുപാട് ശ്രദ്ധിക്കണം. ഒന്നും രഹസ്യമായി ആര്‍ക്കും സൂക്ഷിക്കാനാവില്ല. നിഥിനാമോളുടെ കൊലപാതകത്തില്‍ കലാശിച്ചതും ഒരൊറ്റ സെല്‍ഫിയാണ്'' ഡി.വൈ.എസ്.പി. ഷാജു ജോസ് പറഞ്ഞു.

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ നിഥിനാമോള്‍ക്ക് ഒരു കാമുകനുണ്ടായിരുന്നു. പിന്നീട് പാലാ സെന്റ് തോമസ് കോളേജിലെത്തി അഭിഷേക് ബൈജുവിനെ കണ്ടപ്പോള്‍ ആദ്യ ബന്ധം മുറിഞ്ഞു. പിന്നീട് അഭിഷേകുമായി ഏറെ അടുപ്പമായി. അഭിഷേക് നിഥിനാമോള്‍ക്ക് പുതിയൊരു ഫോണ്‍ വാങ്ങിക്കൊടുക്കുകയും ഇരുവരുടെയും ജിമെയില്‍ ഐ.ഡി. അതില്‍ ചേര്‍ക്കുകയും ചെയ്തു. അവരുടെ ഫോണുകള്‍ തമ്മില്‍ ലിങ്ക്ഡ് ആയിരുന്നു. ഒരാളുടെ ഫോണിലേക്ക് വരുന്ന വിവരങ്ങളും കോളും ഫോട്ടോകളുമെല്ലാം മറ്റെയാളുടെ ഫോണിലും വന്നിരുന്നു. ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ഇത് ലോക്കും ചെയ്തിരുന്നു. 

പിന്നീട് അഭിഷേക് ബൈജുവും നിഥിനാമോളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ഈ സമയത്ത് പഴയ കാമുകനുമായി നിഥിനാമോള്‍ വീണ്ടും അടുക്കുകയും മേലുകാവിനടുത്തുള്ള മേച്ചാൽ  കട്ടിക്കയം വെള്ളച്ചാട്ടം കാണാന്‍ ഇരുവരും ഒരുമിച്ച് പോവുകയും ചെയ്തു. അവിടെ വച്ച് നിഥിനാമോളൊരു സെല്‍ഫിയെടുത്തു. അതവളുടെ ഫോണില്‍ സേവ് ആയ ഉടന്‍ ഈ ചിത്രം അഭിഷേക് ബൈജുവിന്റെ ഫോണിലുമെത്തി.

ഇതു കണ്ടതോടെ അഭിഷേക് ബൈജു വയലന്റായി. അവിടെ തുടങ്ങി അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍.
''ഞാന്‍ വാങ്ങിത്തന്ന ഫോണില്‍ നീ മറ്റവനുമായി ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ ഇടുമോടീ'' എന്നു ചോദിച്ചുകൊണ്ട് അഭിഷേക് നിഥിനാമോളെ ശകാരിച്ചു.
പ്രേമം അസ്ഥിക്കുപിടിച്ച അവന് പഴയ കാമുകനും നിഥിനാമോളും തമ്മിലുള്ള ചിത്രം കടുത്ത ദേഷ്യവും നിരാശയും ഉണ്ടാക്കി. അങ്ങനെയാണ് അവളെ ഏതുവിധേനയും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ഏത് ഞരമ്പ് മുറിച്ചാല്‍ പെട്ടെന്ന് മരിക്കുമെന്നുവരെ കണ്ടെത്തിയത് - ഡി.വൈ.എസ്.പി. വിശദീകരിച്ചു.

അതുകൊണ്ടു തന്നെ തങ്ങളുടെ ഫോണ്‍ ഒരു കാരണവശാലും പുറത്തുള്ള ആര്‍ക്കും കൈമാറരുതെന്നും സ്വകാര്യ ചിത്രങ്ങളും വീഡിയോയും അയച്ചുകൊടുക്കരുതെന്നും  അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. നിഥിനാമോളെ കൊലപ്പെടുത്തിയ അഭിഷേക് ബൈജു ഇപ്പോഴും ജയിലിലാണ്.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌