'വിജിലൻസുകാരൻ' ചമഞ്ഞു തട്ടിപ്പ് യുവാവ് പിടിയിൽ


വിജിലൻസുകാരൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ കുടുക്കി കോട്ടയം വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം! 

പിടിയിലായത് എരുമേലി കൂവപ്പള്ളിയിലെ കോഴിക്കടക്കാരന്‍ ....... എരുമേലി താഴത്തിതില്‍ വീട്ടില്‍ ഷിനാസ് ഷാനവാസ് (26)നെയാണ് കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി. വിനോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഇന്റലിജന്‍സ് സി.ഐ. സജു .എസ് ദാസ്, എസ്.ഐ. സ്റ്റാന്‍ലി തോമസ്, സൈബര്‍ വിദഗ്ധന്‍ മനോജ് പി.എസ്. എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളെ പിന്നീട് പാലാ പോലീസിന് കൈമാറി.

വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ വില്ലേജ് ഓഫീസര്‍മാരെയും മറ്റ് റവന്യു ഉദ്യോഗസ്ഥരെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും നിങ്ങള്‍ക്കെതിരെ പരാതിയുണ്ടെന്നും ഇത് ഒതുക്കിതീര്‍ക്കാന്‍ തുകവേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. 

ആലപ്പുഴയിലെ പട്ടണക്കാട് വില്ലേജ് ഓഫീസ്, ഇടുക്കിയിലെ മൂന്നാര്‍ വില്ലേജ് ഓഫീസ്, കോട്ടയത്തെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, മീനച്ചില്‍ വില്ലേജ് ഓഫീസുകള്‍, തൃശ്ശൂര്‍ കൊരട്ടി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. കളഞ്ഞുകിട്ടിയ ഒരു ഫോണില്‍ നിന്നാണ് ഷിനാസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നത്. ഓണ്‍ലൈനില്‍ നിന്നും നമ്പരെടുത്തായിരുന്നു വിളികള്‍. ഓരോരുത്തരോടും ഇരുപതിനായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപാ വരെയാണ് ചോദിച്ചിരുന്നത്. പണം ഇടാനായി കൊടുത്തിരുന്ന അക്കൗണ്ട് നമ്പര്‍ കോഴിഫാമിലെ ആസാം സ്വദേശിയായ തൊഴിലാളി ഹൈക്കുള്‍ ഇസ്ലാമിന്റെ അക്കൗണ്ട് നമ്പരായിരുന്നു. 

ചങ്ങനാശേരി വില്ലേജ് ഓഫീസില്‍ നിന്നും കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി. വിനോദ്കുമാറിന് ഇത് സംബന്ധിച്ച് പരാതി കിട്ടി. തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിജിലന്‍സ് ഇന്റലിജന്‍സ് സി.ഐ. സജു എസ്. ദാസ്, എസ്.ഐ., സ്റ്റാന്‍ലി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണിന്റെ ഉടമസ്ഥനെ കണ്ടെത്തി. കൂലിപ്പണിക്കാരനായിരുന്ന ഇയാളുടെ ഫോണ്‍ കഴിഞ്ഞ ഡിസംബർ 27 ന് നഷ്ടപ്പെട്ടതായി മനസ്സിലായി. തുടര്‍ന്ന് ഫോണ്‍ കോളുകളുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് എരുമേലിയിലെ കോഴിക്കടയില്‍ അവസാനിച്ചതും ഷിനാസ് പിടിയിലായതും. 

ഇയാളെ കസ്റ്റഡിയിലെടുത്ത വിജിലന്‍സ് ഇന്റലിജന്‍സ് സംഘം പിന്നീട് പാലാ പോലീസിന് കൈമാറി. പാലാ മീനച്ചിൽ വില്ലേജിലെ ഉദ്യോഗസ്ഥരുടെ പരാതി പ്രകാരമുള്ള അന്വേഷണവും നടക്കുന്നുണ്ടായിരുന്നു. പാലാ ഡി.വൈ.എസ്.പി.ഷാജു ജോസിന്റെ നേതൃത്വത്തില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് പാലാ കോടതിയില്‍ ഹാജരാക്കും.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌