പാലാ ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം വരുന്നു
പാലാ ജനറല്‍ ആശുപത്രിയോട് അനുബന്ധിച്ച് ക്യാന്‍സര്‍ ചികിത്സക്കായി അത്യാധുനിക ഉപകരണങ്ങളോടുകൂടിയ പുതിയ സമുച്ചയത്തിന് ജനപ്രതിനിധികള്‍ സജീവമായ നീക്കം തുടങ്ങി.
എം.പി.മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, മാണി സി. കാപ്പന്‍ എം.എല്‍.എ., പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാന്‍സര്‍ സെന്ററിനായി തീവ്രപരിശ്രമങ്ങള്‍ നടത്തിവരുന്നത്. രണ്ടു വർഷം മുമ്പ് ഉയർന്ന നിർദ്ദേശം ഇപ്പോൾ അധികാരികളുടെ സജീവ പരിഗണനയിലാണ്.
ഇത് സാധ്യമായാൽ ആയിരക്കണക്കിന് ക്യാൻസർ രോഗികൾക്ക് ഏറെ അനുഗ്രഹമാകും ഈ കേന്ദ്രം.
പാലാ താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുകയും പാവപ്പെട്ട രോഗികള്‍ക്കായി കാരുണ്യ ചികിത്സാ സഹായം ആരംഭിക്കുകയും ചെയ്ത യശ്ശശരീരനായ കെ.എം. മാണിയുടെ പേരില്‍ വിപുലമായ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
നിലവില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സാവിഭാഗമുണ്ട്. ഇവിടെ ആയിരക്കണക്കിനു ക്യാന്‍സര്‍ രോഗികളെയാണ് ഇപ്പോൾ ചികിത്സിച്ചു വരുന്നത്.
ജനറല്‍ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടുകൂടിയായ ഡോ. പി. എസ്. ശബരിനാഥിന്റെ നേതൃത്വത്തിലാണ് ക്യാന്‍സര്‍ ചികിത്സാവിഭാഗം ഇവിടെ പ്രവര്‍ത്തിച്ചുവരുന്നത്. കീമോ തെറാപ്പിക്കുള്ള സൗകര്യം ജനറല്‍ ആശുപത്രിയില്‍ ഉണ്ട്. എന്നാല്‍ റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് ചികിത്സയ്ക്കായി ഇവിടെയുള്ള പാവപ്പെട്ട രോഗികള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ഉൾപ്പെടെ മറ്റ് ആശുപത്രികളെ ഇപ്പോള്‍ സമീപിക്കേണ്ടി വരുന്നു എന്ന ബുദ്ധിമുട്ടുണ്ട്. ഈ സഹചര്യം ഒഴിവാക്കി ക്യാന്‍സറിനുള്ള എല്ലാവിധ ആധുനിക ചികിത്സകളും ലഭ്യമാക്കുന്ന ഒരു കേന്ദ്രമാണ് അധികാരികള്‍ പാലായില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
ഡോ. ശബരിനാഥിന്റെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ നടന്നുവരുന്നത്.
നിലവില്‍ ജനറല്‍ ആശുപത്രിയുടെ കാവാടത്തിങ്കല്‍ പഴയ കെട്ടിടം പൊളിച്ചുകളഞ്ഞ സ്ഥാനത്ത് രണ്ട് തട്ടിലായി വിശാലമായ പാര്‍ക്കിംഗ് കേന്ദ്രവും അതിനുമുകളിലായി പുതുതായി ക്യാന്‍സര്‍ ചികിത്സാ കേന്ദ്രത്തിന് മന്ദിരം നിര്‍മ്മിക്കാനുമാണ് നിർദ്ദേശമുയർന്നിട്ടുള്ളത് .
ക്യാന്‍സര്‍ ചികിത്സാ കേന്ദ്രത്തിലേക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് അറ്റോമിക് എനര്‍ജി കമ്മീഷനില്‍ നിന്നും അഞ്ചു കോടിയും കോട്ടയം ജില്ലാ പഞ്ചായത്തില്‍ നിന്നും എസ്.ബി.ഐ.യില്‍ നിന്നുമൊക്കെയായി മൂന്നു കോടിയോളം രൂപയുടെയും സഹായ വാഗ്ദാനം നിലവില്‍ ലഭിച്ചുകഴിഞ്ഞു. എം.പി. ഫണ്ട്, എം.എല്‍.എ. ഫണ്ട് എന്നിവയും ഈ സദുദ്യമത്തിന് തീര്‍ച്ചയായും ലഭിക്കും. ഇതോടെ വിശാലമായ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രവും ഇവിടെ പണിതുയര്‍ത്താന്‍ കഴിയും.
പാലാ ജനറല്‍ ആശുപത്രിയുടെ ചുമതല നിലവില്‍ പാലാ നഗരസഭയ്ക്കായതിനാല്‍ ആധുനിക ക്യാന്‍സര്‍ ചികിത്സാ കേന്ദ്രവും നഗരസഭയുടെ വികസന കാഴ്ചപ്പാടിലൂടെയാകും പൂര്‍ത്തീകരിക്കുക. ഇക്കാര്യത്തിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടുമാണ്.
✍️ സുനില്‍ 9446 579399
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ